വലിയകുന്ന് ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ പണിമുടക്കി

ആറ്റിങ്ങല്‍ : നിരന്തരം നടക്കുന്ന അക്രമങ്ങള്‍ക്കും ഡോക്ടര്‍മാര്‍ക്കും നേരെയുള്ള കയ്യേറ്റങ്ങള്‍ക്കുമെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് വലിയകുന്ന് താലൂക്ക്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ രാവിലെ മിന്നല്‍ പണിമുടക്ക് നടത്തി. ഒ.പി. അടക്കം ബഹിഷ്കരിച്ചു പണിമുടക്കി. വിവരമറിഞ്ഞ് എം.എല്‍.എ ബി.സത്യന്‍, നഗരസഭാ ചെയര്‍മാന്‍ എം.പ്രദീപ്, സി.ഐ സുനില്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി ആശുപത്രി സൂപ്രണ്ട്‌ ജസ്റ്റിന്‍ ജോസുമായി ചര്‍ച്ച നടത്തി. വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചവര്‍ക്കെതിരെ നടപടി എടുക്കുമെന്ന ഉറപ്പിന്മേല്‍ 10 മണിയോടെ പണിമുടക്ക് പിന്‍വലിച്ചു. ആശുപത്രിയില്‍ രാത്രി ആവശ്യമായ പോലീസ് സംരക്ഷണം ഉറപ്പാക്കാനും ഹൈമാസ്റ്റ്‌ ലൈറ്റ് സ്ഥാപിക്കാനും തീരുമാനമായി. അക്രമികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും വനിതാ ഡോക്ടര്‍ക്ക് നേരെ ആക്രമണം നടത്തിയ ആളെ ഉടന്‍ പിടികൂടണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ നഗര സഭയും ആശുപത്രി വികസന സമിതിയും അടിയന്തിരമായി നടപടി സ്വീകരിക്കുമെന്ന് നഗര സഭ ചെയര്‍മാന്‍ എം. പ്രദീപ് പറഞ്ഞു. ആശുപത്രിയില്‍ ചികിത്സതേടിയെത്തിയ നിരവധി രോഗികള്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ വലഞ്ഞു.